എറണാകുളം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന വാദവുമായി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എംആർ അജിത് കുമാർ. ഡോ വന്ദനയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണ്. ആക്രമണം നടത്തിയയാളെ ആദ്യം പ്രതിയായിട്ട് അല്ല ആശുപത്രിയിൽ എത്തിച്ചത്. പരാതിക്കാരനായാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും എഡിജിപി വിശദീകരിച്ചു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒരു മണിയോടെ പൊലീസ് കൺട്രോൾറൂമിൽ ആദ്യം പരാതി അറിയിച്ചത് പ്രതിയാണ്. നാട്ടുകാർ മർദിച്ചു എന്ന പ്രതിയുടെ പരാതി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം ഇയാൾ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.
പിന്നീട് പുലർച്ചെ മൂന്നരമണിയോടെ മറ്റൊരു നമ്പറിൽ നിന്നും ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഇതേ തുടർന്നാണ് പൊലീസ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയത്. ഇയാളെ ആക്രമിക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് പോയത്.
വീടിന്‍റെ അര കിലോ മീറ്റർ മാറിയാണ് ഇയാളെ കണ്ടെത്തിയത്. അതിനടുത്തായി നാട്ടുകാരുമുണ്ടായിരുന്നു. പരിക്കുപറ്റിയ ഇയാൾ ഇവരെല്ലാം തന്നെ കൊല്ലാൻ വരുന്നുവെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ഒരു ബന്ധുവും നാട്ടുകാരനായ മറ്റൊരാളും കൂടെയുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ പരിശോധിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ഡ്രസിംഗ് റൂമിലേക്ക് മാറ്റിയത്. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായതെന്നും എഡിജിപി വ്യക്തമാക്കി.