2018 നെക്കുറിച്ച് വിനിത കോശി എറണാകുളം :2024ലെ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 - എവരിവൺ ഈസ് എ ഹീറോ (2018- Everyone is a Hero) തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സന്തോഷം പങ്കിട്ട് നടി വിനിത കോശി (Vinitha Koshy). 2018ല്‍ ശ്രദ്ധേയമായ വേഷമാണ് വിനിത അവതരിപ്പിച്ചിട്ടുള്ളത്. ചിത്രീകരണ വേളയിൽ നേരിട്ട വെല്ലുവിളികളും താരം ഇടിവി ഭാരതുമായി പങ്കിട്ടു (Actress Vinitha Koshy On 2018 Movie).
'ചിത്രം അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷം ഉണ്ട്. സിനിമയിൽ ഒൻപത് മാസമുള്ള ഗർഭിണിയുടെ വേഷമാണ് ഞാൻ ചെയ്‌തത്. കൃത്രിമമായി സൃഷ്‌ടിച്ച വയർ ശരീരത്തിൽ ചേർത്ത് കെട്ടിയിരിക്കുകയായിരുന്നു. വെള്ളത്തിൽ ഉള്ള ചിത്രീകരണം ആയതിനാൽ ഇതിന് അധിക ഭാരം അനുഭവപ്പെട്ടു. എയർ ലിഫ്‌റ്റിംഗ് രംഗം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു. മഴയ്‌ക്ക് എതിരായ ദിശയിലേക്കാണ് ഞങ്ങൾ പോയിക്കൊണ്ടിരുന്നത്.
ആ സമയം മുകളിലേക്ക് നോക്കാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ കണ്ണുകളിലേയ്‌ക്ക് വെള്ളം ശക്തമായി വീഴുന്നതെല്ലാം വേദനാജനകമായിരുന്നു. അതുകൊണ്ട് യഥാർഥ ജീവിതത്തിൽ തന്‍റെ സ്ഥാനത്തുണ്ടായിരുന്ന സ്‌ത്രീ ഈ സാഹചര്യം എങ്ങനെ അതിജീവിച്ചുവെന്ന് ഞാൻ ചിന്തിച്ചുപോയി. അതിനാൽ ഷൂട്ട് കഴിഞ്ഞ ശേഷം അവരെ നേരിൽ കണ്ടിരുന്നു.
സത്യത്തിൽ ഷൂട്ടിങ് ദിവസങ്ങളിലെല്ലാം യഥാർഥ പ്രളയത്തെ അതിജീവിക്കുന്നതായി ഞങ്ങൾക്ക് തോന്നി. എന്നാൽ പോലും സംവിധായകനും നിർമാതാവും മറ്റ് മുഴുവൻ ക്ര്യൂവും വളരെ അർപ്പണ ബോധത്തോടെയാണ് പ്രവർത്തിച്ചത്. എയർലിഫ്‌റ്റിംഗ്, ടെക്‌നിക്കൽ ടീമുകൾ വളരെയധികം സഹായിച്ചു. എല്ലാം വളരെ പെർഫെക്ഷനോടെയാണ് ചെയ്‌തത്. ആ സമയം സിനിമയുടെ വിജയം മാത്രമായിരുന്നു മനസിൽ. എന്നാൽ ഈ നിമിഷം അതിയായ സന്തോഷം തോന്നുന്നു' - വിനിത കോശി പറഞ്ഞു.
കേരളത്തിന്‍റെ 2018 : ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത 2018 - എവരിവൺ ഈസ് എ ഹീറോ ഓസ്‌കർ മത്സരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. 2018ൽ കേരളം നേരിട്ട മഹാപ്രളയത്തെ സംസ്ഥാനം ഒന്നടങ്കം അഭിമുഖീകരിച്ചതാണ് സിനിമയുടെ പശ്ചാത്തലം. യഥാർഥ സംഭവത്തിന്‍റെ തീവ്രത ഒട്ടും കുറയാതെ സിനിമ പ്രേക്ഷകർക്ക് മുൻപിൽ എത്തിയപ്പോൾ എല്ലാ മലയാളികളും ആ ദിവസങ്ങളിലൂടെ ഒരിക്കൽ കൂടി ജീവിച്ചെന്ന് തന്നെ പറയാം.
10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയതോടെ ഈ നേട്ടം എളുപ്പത്തില്‍ കൈവരിക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോഡും 2018ന്‍റേതായി. വിനിത കോശിക്ക് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, സിദ്ദിഖ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ഗൗതമി നായര്‍, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.