എറണാകുളം :അന്തരിച്ച സിനിമ-സീരിയൽ താരം സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വാരാപ്പുഴ പുത്തൻ പള്ളി പാരിഷ് ഹാളിലെ പൊതുദർശന ശേഷം ചേരാനെല്ലൂർ പൊതുശ്‌മശാനത്തിൽ സുബിയുടെ മൃതദേഹം സംസ്‌കരിച്ചു. മതപരമായ ചടങ്ങുകൾക്ക് ശേഷം സഹോദരൻ എബി ചിതയ്ക്ക് തീ കൊളുത്തി.
ഹൈബി ഈഡൻ എം.പി, നടന്മാരായ രമേഷ് പിഷാരടി, ടിനി ടോം, ബന്ധുക്കൾ, സീരിയൽ, മിമിക്രി മേഖലയിലെ സഹപ്രവർത്തകരും നാട്ടുകാരുമുൾപ്പടെ വൻ ജനാവലിയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അഭിനയ മേഖലയിലെയും വ്യക്തി ജീവിതത്തിലെയും സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സുബി സുരേഷ് യാത്രയായത്. ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും താങ്ങാനാവാത്ത വേദന സമ്മാനിച്ചാണ് കരൾ രോഗം സുബി സുരേഷിന്‍റെ ജീവിതം അപഹരിച്ചത്.
സിനിമ, സീരിയൽ അഭിനയങ്ങളിലൂടയും വ്യത്യസ്തമായ ഷോകളിലൂടെയും, യൂട്യൂബറായും തങ്ങളുടെ പ്രിയങ്കരിയായി മാറിയ താരത്തെ അവസാനമായി ഒരു നോക്കുകാണാൻ സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ ഒഴുകിയെത്തിയത്. സഹപ്രവർത്തകരും, പൊതുജനങ്ങളും ഏറെ വികാരവായ്‌പ്പോടെയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരം അർപ്പിച്ചത്. അതേസമയം, സിനിമ മേഖലയിലെ മുൻ നിര താരങ്ങളൊന്നും അന്തിമോപചാരം അർപ്പിക്കാനെത്തിയില്ല.