എറണാകുളം:നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്‌ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് (23 മെയ്) ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് പി.ഗോപിനാഥന്‍റെ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ കേടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയില്‍ അവസരം നല്‍കാത്തതിന്‍റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്‍റെ വാദം. അന്വേഷണ നടപടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കുന്നത്. കേസില്‍ നിലവില്‍ ചോദ്യം ചെയ്യലിന്‍റെ സാഹചര്യമില്ലെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
അന്വേഷണവുമായി വിജയ് ബാബു സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും. ഇന്ത്യ വിട്ട പ്രതിയെ എംബസി മുഖേന തിരികെയെത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി പ്രോസിക്യൂഷനും ഇന്ന് വ്യക്തമാക്കും. നടിയുടെ വെളിപ്പെടുത്തലില്‍ കേസെടുത്തതിന് പിന്നാലെയാണ് ഒളിവില്‍ പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നത്.
പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ശ്രമം. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഈ സാഹചര്യം കണക്കിലെടുത്ത് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
Also read: വിജയ് ബാബു ജോർജിയയിലേക്ക് കടന്നു: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും