നാല് ഭാഷകളില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാതാവായി നടി നമിത - Actress Namitha producing multi languages film
ബൗ വൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. നമിതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുക
എറണാകുളം: തെന്നിന്ത്യന്‍ നടി നമിത നിര്‍മാണ രംഗത്തേക്കും ചുവടുവെക്കുന്നു. ബൗ വൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ആർ.എൽ രവി, മാത്യു സ്‌കറിയ എന്നിവരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നമിതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുക. എസ്.നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുഭാഷ്.എസ്.നാഥ് എന്നിവർ ചേർന്നാണ് നിര്‍മാണം. പി.എസ് കൃഷ്ണ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നു. മുരുകൻ മന്ദിരതത്തിന്‍റെ വരികൾക്ക് റജിമോൻ സംഗീതം ഒരുക്കുന്നു. അനന്തു.എസ്.വിജയനാണ് എഡിറ്റിങ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരണം. കന്നഡയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് സംവിധായകർ പറഞ്ഞു. കലാ സംവിധായകൻ അനിൽ കുമ്പഴ ചിത്രത്തിന് വേണ്ടി ചിത്രജ്ഞലി സ്റ്റുഡിയോയിൽ ഒരു കിണറിന്‍റെ സെറ്റ് ഒരുക്കിയിട്ടുണ്ട്. 35 അടി താഴ്ച്ചയുള്ള ഈ കിണറ്റിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ചാക്കും പ്ലാസ്റ്റര്‍ ഓഫ് പാരിസും പൈപ്പും ഫൈബർ മെറ്റീരിയലും ഉപയോഗിച്ചാണ് കിണറിന്‍റെ നിർമാണം. 15അടി താഴ്ച്ചയിൽ കാമറ സ്ഥാപിക്കാനും അഭിനയിക്കുന്ന ആർട്ടിസ്റ്റിന് വിശ്രമിക്കാനും സ്ഥലം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ആളുകളുടെ കഠിനാധ്വാനത്തിലൂടെയാണ് കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.