കൊച്ചി:നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എട്ടാം പ്രതി നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്നലെ തുടങ്ങിയ വാദം ഇന്നും തുടരും. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് വാദം നടക്കുക. അതേസമയം പ്രതിസ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്യണമെന്ന ദിലീപിന്‍റെ ആവശ്യത്തിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കുറ്റപത്രത്തിൽ മേലുള്ള പ്രാഥമിക വാദം തുടങ്ങാനിരിക്കെ കഴിഞ്ഞ ദിവസമാണ് ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും - dileep
ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക്ക് ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷ സ്വീകരിക്കണമോയെന്നും കോടതി ഇന്ന് തീരുമാനിക്കും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച് ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഹർജി നൽകിയത്. നടിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിഷയങ്ങൾ ഉള്ളതിനാൽ ഹർജിയിലെ വിവരങ്ങൾ രഹസ്യമായിരിക്കണമെന്ന് കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക്ക് ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷ സ്വീകരിക്കണമോയെന്നും കോടതി ഇന്ന് തീരുമാനിക്കും. സെൻട്രൽ ഫോറൻസിക്ക് ലാബിൽ പരിശോധിക്കേണ്ട കാര്യങ്ങളുടെ ചോദ്യാവലി ഉൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയാൽ ഇതേ ആവശ്യമുന്നയിച്ച് ദിലീപിന് മേൽ കോടതികള സമീപിക്കാനാവും. എന്നാൽ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശമുള്ളതിനാൽ വിചാരണ നടപടികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.