എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അധിക കുറ്റപത്രം സമർപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർ വിചാരണ കോടതിയെ അറിയിച്ചു.
ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തലധികം പേജുകളുള്ള കുറ്റപത്രത്തില്‍ നൂറോളം സാക്ഷികളുണ്ട്. തെളിവുകൾ നശിപ്പിച്ചു എന്നും തെളിവുകൾ മറച്ചുവച്ചു എന്നുമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 201, 204 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെയും സമാനമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ 2017 നവംബറിൽ തന്നെ ദിലീപിന്‍റെ കൈവശം എത്തിയിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ വിചാരണ നേരിടുന്ന പ്രതിയായ ദിലീപിനെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ടത് വിചാരണ കോടതിയിൽ തന്നെയാണെന്ന സാങ്കേതിക പ്രശ്‌നം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. തുടർന്ന് തുടർ പരിശോധനകൾക്കായി വിചാരണ കോടതി കേസ് ഈ മാസം ഇരുപത്തിയഞ്ചാം തീയ്യതിയിലേക്ക് മാറ്റി.
തുടരന്വേഷണത്തിന് മൂന്ന് ആഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഹൈകോടതിയും നിർദേശം നൽകിയത്. അന്തിമ റിപ്പോർട്ട് തയ്യാറാണെന്നും സമർപ്പിക്കാനായി തിങ്കളാഴ്‌ച വരെ സമയം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അധിക കുറ്റപത്രം ഇന്ന് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്.