എറണാകുളം :നടിയെ ആക്രമിച്ച കേസിൽ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് അന്വേഷണ സംഘം എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചു. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യവുമായി കോടതിയെ സമീപ്പിച്ചത്.
ലക്ഷ്യം മൊഴിമാറ്റുന്ന സാഹചര്യം തടയുക
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട്, ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചത്. കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന ഈ മൊഴികൾ ബാലചന്ദ്രകുമാർ മാറ്റുന്ന സാഹചര്യം തടയുകയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ മൊഴിയും ഫോൺ ഉൾപ്പടെയുള്ള തെളിവുകളും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.