എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരും ഇരയായ നടിയും സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. തിങ്കളാഴ്‌ച മുതൽ വിചാരണ നടപടികൾ തുടരാനും ഹൈക്കോടതി നിർദ്ദേശിച്ചു. വിചാരണ കോടതി നടപടികൾക്കുള്ള സ്റ്റേ ഒരാഴ്‌ച കൂടി നീട്ടണമെന്ന സർക്കാർ ആവശ്യവും കോടതി അംഗീകരിച്ചില്ല.അപ്പീൽ ഹർജി സമർപ്പിക്കുന്നതിനായിരുന്നു സ്റ്റേ നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
പ്രോസിക്യുഷനും വിചാരണ കോടതി ജഡ്‌ജിയും ഒരുമിച്ച് പോയാൽ മാത്രമേ നീതി നടപ്പിലാക്കാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി - നടിയെ ആക്രമിച്ച കേസ്
വിചാരണ കോടതി നടപടികൾക്കുള്ള സ്റ്റേ ഒരാഴ്‌ച കൂടി നീട്ടണമെന്ന സർക്കാർ ആവശ്യവും കോടതി അംഗീകരിച്ചില്ല
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി
അതേസമയം ഹർജി പരിഗണിച്ച വേളയിൽ വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സർക്കാരും ഇരയായ നടിയും ഉന്നയിച്ചിരുന്നു. പക്ഷപാതപരമായാണ് കോടതി പെരുമാറിയത്, രഹസ്യ വിചാരണയുടെ അന്തസത്ത തകർക്കുന്ന നടപടികളുണ്ടായപ്പോൾ വിചാരണ കോടതി ഇടപെട്ടില്ല എന്നിവയായിരുന്നു അവയിൽ ചിലത്. എന്നാൽ അത്തരം പരാതികളൊന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ ഈ വിഷയത്തിൽ അപ്പീൽ ഹർജിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചമിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം.