എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്‍റെ ഹർജിയിൽ സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച് ഹൈക്കോടതി വിമർശന സ്വരത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചത്.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. പക്ഷേ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
കൂടാതെ ഈ വിഷയത്തിൽ വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.