എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് റിപ്പോർട്ട് നൽകുക. അതേസമയം ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിലാണ് സമർപ്പിക്കുക.
വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ച വേളയിൽ വിചാരണ കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. തുടരന്വേഷണത്തിന് മൂന്ന് ആഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതിയും നിർദേശം നൽകിയത്.
അന്തിമ റിപ്പോർട്ട് തയ്യാറാണെന്നും സമർപ്പിക്കാനായി തിങ്കളാഴ്‌ച വരെ സമയം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അവ ആരൊക്കെ കണ്ടുവെന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ല.
ജയിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി വ്യക്തത വരുത്തിയിരുന്നു. നിലവിലെ തുടരന്വേഷണവും ശ്രീലേഖയുടെ വെളിപ്പെടുത്തലും തമ്മിൽ ബന്ധമില്ലെന്നായിരുന്നു കോടതി നിലപാട്. ഇതേ തുടർന്നാണ് തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച വിചാരണ കോടതിയിൽ സമർപ്പിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയിൽ പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും - Kochi special trial court
തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും