എറണാകുളം: നടൻ ദിലീപിനെ തുടർച്ചയായ രണ്ടാം ദിവസവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത്. ഇന്നലെ ഏഴ് മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്.
ഇന്നലെ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഉൾപ്പടെ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.
അതേസമയം നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടില്ല, ബാലചന്ദ്രകുമാറിൻ്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല തുടങ്ങിയ നിലപാടിൽ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലും ദിലീപ് ഉറച്ച് നിൽക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ്: രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നു കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാനും ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ നശിപ്പിക്കാൻ ദിലീപ് നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ടായിരിക്കും ഇന്ന് പ്രധാനമായും ചോദ്യം ചെയ്യുക.
വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണം: സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം തുടങ്ങിയത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഇതേ തുടർന്ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കോടതി അനുമതിയോടെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
ദിലീപിന് കോടതിയില്‍ തിരിച്ചടി:ഇതിനിടെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദിലീപിന്‍റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്.
also read: മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയ ആപ്പുകളുടെ നിര്‍മാതാക്കള്‍ക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ദിലീപിന് ഏറെ നിര്‍ണായകമാണ്.