എറണാകുളം :നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. കാവ്യയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. നടിയുടെ മൊഴി വിശദമായി വിശകലനം ചെയ്‌ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കുക.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ കാവ്യ മാധവൻ നിഷേധിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നാണ് കാവ്യയുടെ മൊഴി. എസ്.പി.മോഹന ചന്ദ്രന്‍റെയും, ഡിവൈഎസ്‌പി ബൈജു പൗലോസിൻ്റെയും നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്‍റെ വീട്ടിലെത്തിയായിരുന്നു കാവ്യയെ ചോദ്യം ചെയ്‌തത്. കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യല്‍ നാലര മണിക്കൂര്‍ നീണ്ടുനിന്നു.
കഴിഞ്ഞ മെയ് ആറാം തിയ്യതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈം ബ്രാഞ്ച് കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാണമെന്ന മുൻ നിലപാട് നടി ആവർത്തിക്കുകയായിരുന്നു.