എറണാകുളം :ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. ദുബായ് എമിറേറ്റ്സ് വിമാനത്തിൽ ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ് ബാബു പറഞ്ഞു.
കോടതി നിർദേശത്തെ തുടർന്നാണ് വിജയ് ബാബു തിരിച്ചെത്തിയത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ടിൽ നിന്നും മടങ്ങും വഴി ആലുവയിലെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.
വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി തിരിച്ചുവരവ് : യുവനടിയുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് വിജയ് ബാബു ഒളിവിൽ പോയത്. ഗോവ വഴി ദുബായിലേക്ക് കടന്നതിനെ തുടർന്ന് ഈ കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
കഴിഞ്ഞ പത്തൊമ്പതിന് കൊച്ചിയിലെത്താമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു കോടതിയെ സമീപിക്കുകയും ചെയ്‌തു. എന്നാൽ വേനലവധി കഴിഞ്ഞ് പരിഗണിക്കാർ ഹർജി കോടതി മാറ്റുകയായിരുന്നു.
വിജയ് ബാബു സ്വമേധയാ ഹാജരാകില്ലെന്ന് മനസിലായതോടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. തുടർന്ന് പാസ്പോർട്ട് റദ്ദായതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിക്കുകയും ചെയ്‌തു. വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നുവെന്ന വാർത്തകൾക്ക് പിന്നാലെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുളള നടപടികളും പൊലീസ് സ്വീകരിച്ചിരുന്നു.
പൊലീസിന് മുന്നിൽ ഹാജരായേക്കും :വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ ചൊവ്വാഴ്‌ച ഹൈക്കോടതി വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. വ്യാഴാഴ്‌ച വരെ അറസ്റ്റ് ഹൈക്കോടതി തടയുകയും ചെയ്‌തു.
ഇതോടെയാണ് ഒരു മാസത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബു തിരിച്ചെത്തിയത്. വിജയ് ബാബു അന്വേഷണ ഉദ്യേഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് ഇന്ന് (ജൂൺ 01) തന്നെ അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാകും.
ഹർജിക്കാരൻ സ്ഥലത്തില്ലാതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹർജിക്കാരൻ നിയമത്തിന് വിധേയമാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
നാളെ (ജൂൺ 02) വീണ്ടും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.