എറണാകുളം:നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് സർക്കാർ. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നിലപാട് അറിയിച്ചത്.
ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. ഈ രണ്ട് കാര്യങ്ങളും ദിലീപിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദ സന്ദേശമുള്ള പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.
ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്‌ത സംഭാഷണത്തിൻ്റെ യഥാർഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണത്തിൻ്റെ ശബ്‌ദം വർധിപ്പിച്ചതിനാൽ റെക്കോഡ് ചെയ്‌ത തീയതി കണ്ടെത്താൻ കഴിയുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.