എറണാകുളം : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരുടെ സ്വാധീനത്താൽ കേസ് അവസാനിപ്പിക്കാനാണ് ശ്രമം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്നും നടി ഹർജിയിൽ പറയുന്നു.
കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ രാഷ്‌ട്രീയ സമ്മർദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു.