എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ട് സാക്ഷികളെ വിസ്‌തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ അനുമതി. കൂടുതൽ സാക്ഷികളെ വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ തള്ളിയ വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്‌തരിച്ച മൂന്ന് സാക്ഷികളെയും വിസ്‌തരിക്കാനാണ് കോടതി അനുമതി നൽകിയത്.
പത്ത് ദിവസത്തിനകം സാക്ഷികളെ വിസ്‌തരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ച സാഹചര്യത്തിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം. അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. പ്രതിഭാഗം നടപടികളുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.