എറണാകുളം: നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന ദിലീപിന്‍റെ (Dileep) ആവശ്യം ഹൈക്കോടതി (High Court) തള്ളി. അന്വേഷണം വേണം എന്ന ആവശ്യത്തിൽ ദിലീപിന് മാത്രം ആണല്ലോ പരാതി എന്നും കോടതി വിമർശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി വിശദ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്.
ഹർജിയിന്മേലുള്ള വാദം മാറ്റണമെന്ന് ദിലീപ് ആവശ്യം ഉന്നയിച്ചെങ്കിലും കോടതി ഇതനുവദിച്ചില്ല. കേസിന്‍റെ വിചാരണ വൈകിപ്പിക്കാനാണ് ഹർജി എന്നായിരുന്നു ദിലീപിന്‍റെ വാദം. അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം കേസിൽ വാദം കേട്ട ജഡ്‌ജി വിധി പറയുന്നത് തടസ്സപ്പെടുത്തുകയെന്നതാണ്.
കഴിഞ്ഞ ഒരു വർഷത്തോളമായി സാക്ഷികളെ വീണ്ടും വിസ്‌തരിച്ചും മറ്റും വിചാരണ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപ് വാദമുന്നയിച്ചു. വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീംകോടതി നീട്ടി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് തന്‍റെ നിലപാടെന്നും അതിജീവിതയും വ്യക്തമാക്കിയിരുന്നു.
ഇര എന്ന നിലയിൽ തന്‍റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ആരോ മനപ്പൂർവമായി പരിശോധിച്ചിട്ടുണ്ട്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്.