എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകി. ഇന്ന്(മെയ് 9) രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. അതേസമയം വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് കാവ്യ മാധവൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടിസ് ; നിലപാടിൽ മാറ്റമില്ലാതെ നടി - കാവ്യ മാധവന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്
വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നും കാവ്യ
വീടൊഴികെ സ്വതന്ത്രമായി ചോദ്യം ചെയ്യാൻ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്നായിരുന്നു ക്രൈം ബ്രാഞ്ച് നേരത്തെ നിലപാട് സ്വീകരിച്ചത്. വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം. ഇത്തരമൊരു ആവശ്യത്തിന് നിയമപരമായ സാധുതയുള്ളതിനാൽ ക്രൈം ബ്രാഞ്ചിന് തുടർ നടപടികളുമായി മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നില്ല.
നടി മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് സാധ്യത. തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റയും സഹോദരീ ഭർത്താവ് സൂരജിന്‍റെയും ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത ശബ്‌ദ രേഖകളിലാണ് നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ പങ്ക് സംബന്ധിച്ച് സംശയമുയർന്നത്. ഇതേ തുടർന്നാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.