എറണാകുളം:നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയെ (Amicus Curiae) ഹൈക്കോടതി ഒഴിവാക്കി. അഡ്വ.രഞ്ജിത്ത് മാരാരെയാണ് (Renjith Marar) കോടതി ഒഴിവാക്കിയത്.
അമിക്കസ് ക്യൂറിയെ മാറ്റിയത് എന്തിന്: രഞ്ജിത്ത് മാരാർ ദിലീപുമായി (Dileep) അടുത്ത ബന്ധമുള്ളയാളാണെന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. തുടർന്നാണ് അമിക്കസ് ക്യൂറിയെ ഒഴിവാക്കാൻ കോടതി തീരുമാനമെടുത്തത്. ആരോപണം ഉയർന്നതിനാൽ തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാരും കത്ത് നൽകിയിരുന്നു.
എന്തിനായിരുന്നു അമിക്കസ് ക്യൂറി: ലൈംഗികാതിക്രമ കേസുകളിലെ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമാർഗ നിർദേശങ്ങൾ സമർപ്പിക്കാനായിരുന്നു ഹൈക്കോടതി (High Court) അമിക്കസ് ക്യൂറിയെ നിയമിച്ചത്. അതിജീവിതയുടെ ഹർജിയിൽ വാദം നടക്കവെ അഭിഭാഷകൻ ദൃശ്യങ്ങൾ ചോർന്നതിന്‍റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു.
മാത്രവുമല്ല ഇത്തരം കേസുകളിൽ തെളിവുകൾ സൂക്ഷിക്കാനായും മറ്റും പൊതുമാർഗ നിർദേശങ്ങൾ അവലംബിക്കാൻ കോടതി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദം കൂടി കണക്കിലെടുത്തായിരുന്നു അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിക്കെതിരെ ആരോപണങ്ങൾ ഉയരുകയായിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്‌താരത്തിനായി മഞ്ജു വാര്യർ രണ്ടാം ദിവസവും ഹാജരായി
വാദം മാറ്റണമെന്ന് ദിലീപ്: എന്നാല്‍ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി വിമർശിച്ചു. മാത്രമല്ല കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.
ദിലീപിന്‍റെ വാദങ്ങള്‍ ഇങ്ങനെ:നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയാണ് വിശദവാദത്തിന് ശേഷം ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ഹർജിയിന്മേലുള്ള വാദം മാറ്റണമെന്ന് ദിലീപ് ആവശ്യം ഉന്നയിച്ചെങ്കിലും കോടതി ഇതനുവദിച്ചിരുന്നില്ല. എന്നാല്‍ കേസിന്‍റെ വിചാരണ വൈകിപ്പിക്കാനാണ് ഹർജി എന്നായിരുന്നു ദിലീപിന്‍റെ വാദം.
അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം കേസിൽ വാദം കേട്ട ജഡ്‌ജി വിധി പറയുന്നത് തടസ്സപ്പെടുത്തുകയെന്നതാണെന്നും കഴിഞ്ഞ ഒരു വർഷത്തോളമായി സാക്ഷികളെ വീണ്ടും വിസ്‌തരിച്ചും മറ്റും വിചാരണ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപ് വാദമുന്നയിച്ചിരുന്നു. എന്നാല്‍ വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീംകോടതി നീട്ടി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് തന്‍റെ നിലപാടെന്നും അതിജീവിതയും വ്യക്തമാക്കിയിരുന്നു.
Also read: ഗുരുതര ആരോപണങ്ങളുമായി അതിജീവിതയുടെ അഭിഭാഷക: ശ്രീലേഖയുടെ വാക്കുകള്‍ക്ക് പിന്നില്‍ കെ.ബി ഗണേഷ് കുമാര്‍