എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പത്ത് ദിവസം മുമ്പ് പൾസർ സുനി ജയിലിൽ നിന്ന് സഹതടവുകാരനായിരുന്ന ജിൻസണെ വിളിച്ചത്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയതെന്ന് ജിന്‍സണ്‍ പൾസർ സുനിയോട് പറയുമ്പോള്‍ ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പൾസർ മറുപടി നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്ന് തവണ കണ്ടിരുന്നുവെന്ന് പൾസർ സുനി സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിന്‍റെ വീട്ടിൽവച്ചും ഹോട്ടലിൽവച്ചുമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പൾസർ സുനി പറഞ്ഞു.
ദിലീപിന്‍റെ സഹോദരൻ അനൂപാണ് തനിക്ക് പൾസർ സുനിയെ പരിചയപ്പെടുത്തിയത്. ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്‌തിരുന്നു. പിക്ക് പോക്കറ്റ് എന്ന സിനിമ സംവിധാനം ചെയ്‌ത സമയത്ത് കുറച്ച് പൈസ ഏല്‍പ്പിച്ചിരുന്നുവെന്നും ബസിൽ പൈസയുമായി പോകരുതെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞുവെന്നുമാണ് ബാലചന്ദ്രകുമാർ ചാനലുകളില്‍ പറഞ്ഞതെന്ന് ജിൻസൺ വിശദീകരിക്കുന്നു.
ഇതും ശരിയാണന്ന നിലയിൽ തന്നെയായിരുന്നു പൾസർ മറുപടി നൽകിയത്. തുടരന്വേഷണത്തിന് കോടതി അനുമതി നൽകാൻ സാധ്യതയുണ്ടോയെന്ന് പൾസർ സുനി ജിന്‍സണോട് ചോദിക്കുന്നുണ്ട്. ഇവരെല്ലാം പരസ്‌പരം തെറ്റിയത് എന്ത് കൊണ്ടെന്ന സംശയവും പൾസർ സുനി ജിൻസണോട് ചോദിക്കുന്നുണ്ട്.
എന്നാൽ അത് അറിയില്ലെന്നായിരുന്നു ജിൻസണിന്‍റെ മറുപടി. നിന്നെ കൊണ്ട് ഇത് ചെയ്യിച്ചവരെ ശിക്ഷിക്കുന്നതിനുളള തെളിവുകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. നീ മാത്രമല്ല നിന്നെ കൊണ്ട് ഇത് ചെയ്യിച്ചവരും ശിക്ഷിക്കപ്പെടണമെന്നും ഒരാൾ മാത്രം ശിക്ഷിക്കപ്പെടരുതെന്നും ജിൻസൺ പറയുന്നതിനെ ശരിവച്ചാണ് പൾസർ സുനി മറുപടി നൽകുന്നത്.