കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്‌; കോടതിക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം - കോടതിക്കുളളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി

കഴിഞ്ഞ ദിവസം രഹസ്യ വിചാരണ നടക്കവേയാണ് സലിം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്

നടിയെ ആക്രമിച്ച കേസ്‌  കോടതിക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസ്  എറണാകുളം  കോടതിക്കുളളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി  actress abduction case
നടിയെ ആക്രമിച്ച കേസ്‌; കോടതിക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

By

Published : Feb 4, 2020, 3:40 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കോടതിക്കുളളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാൻ വിചാരണക്കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ പകർത്തിയതിനെ തുടർന്ന് കേസിലെ അഞ്ചാം പ്രതി സലിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രഹസ്യ വിചാരണ നടക്കവേയാണ് സലിം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നടിയുടെ വാഹനത്തിന്‍റെ ദൃശ്യം പകര്‍ത്തിയ സലിമിന്‍റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കോടതി പരിസരത്ത് കണ്ടതിനെ തുടർന്നാണ് മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചത്. നടി സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെ വ്യക്തമാവുന്ന തരത്തില്‍ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് സലിമിന്‍റെ ഫോണും പൊലീസ് പരിശോധിച്ചത്. രഹസ്യവിചാരണ നടക്കുന്ന കോടതിക്കകത്തെ ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ കണ്ടെത്തിയത്.

പ്രത്യേക വിചാരണ കോടതി ജഡ്‌ജിയുടെയും പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്‍റെയും ചിത്രങ്ങളും സലിം പകര്‍ത്തിയിരുന്നു. കേസിലെ ഇരയായ നടിയുള്‍പ്പടെ കോടതിക്കകത്തുള്ളപ്പോ‍ഴാണ് സംഭവം. ഇതേ തുടർന്ന് സലിമിനെയും ആഷിക്കിനെയും അന്വേഷണ ഉദ്യോഗസ്ഥർ നോര്‍ത്ത് പൊലീസിന് കൈമാറുകയായിരുന്നു. സലിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ പ്രോസിക്യൂഷന്‍ വിസ്‌താരം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്‌താരം ചൊവ്വാഴ്‌ചയും തുടർന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമർപ്പിച്ച അപേക്ഷയിൽ സെൻട്രൽ ഫോറൻസിക് ലാബിൽ നിന്നുള്ള ഫലം ബുധനാഴ്‌ച ലഭിക്കും. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇതിനായി ചത്തീസ്‌ഗണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details