എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ പരാതിക്കാരി ഇ മെയിലിലൂടെ ഒത്തു തീർപ്പിന് തയ്യാറായെന്ന് നടന്‍റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയെ അറിയിച്ചു. ഒത്തുതീർപ്പ് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന പരാതിക്കാരിയുടെ വാദം പച്ചക്കള്ളമാണെന്നും സൈബി കോടതിയിൽ വ്യക്തമാക്കി. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും സൈബി അറിയിച്ചിട്ടുണ്ട്.
വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് പരാതിക്കാരി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസിന്‍റെ തുടർ നടപടികൾക്കുള്ള സ്റ്റേ കോടതി നേരത്തെ നീക്കിയിരുന്നു. അഡ്വക്കേറ്റ് സൈബി ജോസാണ് ഉണ്ണി മുകുന്ദന് വേണ്ടി കോടതിയില്‍ ഹാജരായി നേരത്തെ സ്റ്റേ നേടിയെടുത്തത്. തെറ്റായ വിവരം നൽകി കോടതിയെ തെറ്റിധരിപ്പിച്ചത് ഗൗരവതരമെന്ന് ജസ്റ്റിസ് കെ. ബാബു പറഞ്ഞിരുന്നു.