എറണാകുളം:സിനിമ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ നടൻ പൃഥ്വിരാജ് ആരോഗ്യ വിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും രണ്ട് മാസം ഫിസിയോതെറാപ്പിക്ക് വിധേയമാകണമെന്ന് ഡോക്‌ടർമാർ നിര്‍ദേശിച്ചിട്ടുണ്ടെന്നും താരം ആരാധകരോട് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരണത്തിനിടെ കാലിന് ചെറിയൊരു അപകടം ഉണ്ടാകുകയായിരുന്നു.
ഭാഗ്യവശാല്‍ താക്കേല്‍ ദ്വാര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായെന്നും ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും താരം പറഞ്ഞു. തന്നോട് സ്‌നേഹം കാണിച്ച മുഴുവന്‍ പേര്‍ക്കും നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ഇടുക്കിയിലെ മറയൂരിലെ സെറ്റില്‍ വച്ചാണ് താരത്തിന്‍റെ കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് (ജൂണ്‍ 26) നടനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.
പൃഥ്വിരാജിന്‍റെ വിലായത്ത് ബുദ്ധ:പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് സേനൻ നിര്‍മിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പൃഥ്വിരാജിനെ നായകനാക്കി സച്ചി അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം അയ്യപ്പനും കോശിയിലും അസോസിയോറ്റ് ഡയറക്‌ടറായിരുന്ന ജയന്‍ നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.
സച്ചിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശിഷ്യനും ലൂസിഫറിലെ സഹ സംവിധായകനുമായ ജയന്‍ നമ്പ്യാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജിആര്‍ ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമാണിത്.