എറണാകുളം:കേരളത്തിലെ റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് പരോക്ഷ വിമർശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒറ്റ് എന്ന പുതിയ ചിത്രത്തില്‍ മുബൈയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെങ്കിലും റോഡിൽ ഒറ്റ കുഴി പോലുമില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
റോഡിൽ കുഴികളില്ലാത്തതിനാൽ പ്രേക്ഷകര്‍ക്ക് ധൈര്യപൂർവം തിയേറ്ററുകളിലേക്ക് വരാമെന്നും ചാക്കോച്ചൻ പറഞ്ഞു. മംഗലാപുരം മുതൽ കൊച്ചി വരെ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങള്‍ മൂലം നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാദമായ പരസ്യവാക്യം:ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ വിജയം പരസ്യ വാചകത്തിന്‍റെ പേരിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്താണ് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെ ആളുകള്‍ മറ്റ് രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉദ്ദേശ ശുദ്ധി മനസിലാക്കാതെ ചിലർക്ക് തങ്ങൾ പറയുന്നതാണ് കാര്യമെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസിലാകുന്നില്ല.
ആക്ഷേപഹാസ്യം ആസ്വദിക്കാൻ കഴിവുള്ളവരാണ് മലയാളികളെന്നും വേറൊരു രീതിയിൽ ആക്ഷേപഹാസ്യത്തെ കാണരുതെന്നും ചാക്കോച്ചൻ അഭിപ്രായപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ മാസം ഏഴിന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലെ പരസ്യവാക്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
പഴയകാല റൊമാന്‍റിക് ഹീറോസിന്‍റെ ആക്ഷന്‍ ത്രില്ലര്‍:റൊമാന്‍റിക് ചിത്രങ്ങള്‍ക്ക് എന്നും സാധ്യതയുണ്ട്. സ്നേഹവും പ്രണയവും ജീവിതത്തിൽ എപ്പോഴുമുണ്ട്. അത് ബാഹ്യ സൗന്ദര്യത്തിന് അപ്പുറം മനസിന്‍റെയും സ്വഭാവത്തിന്‍റെയുമാകാം. രണ്ട് പഴയകാല റൊമാന്‍റിക് ഹീറോസ് അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒറ്റ് എന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.
ഇന്‍റിമസി സീൻ മാത്രം പ്രതീക്ഷിച്ച് ഒറ്റ് കാണാൻ വരരുതെന്ന് താരം വ്യക്തമാക്കി. അതിനപ്പുറമുള്ള ഒരു ചിത്രമാണ് ഒറ്റ്. ഈ ചിത്രത്തില്‍ അഭിനയിച്ച ശേഷവും താൻ വീട്ടിൽ സ്വസ്ഥമായാണ് കഴിയുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് ചാക്കോച്ചൻ മറുപടി നൽകി. ജീവിതത്തിൽ തന്നെ ആരും ഒറ്റിയിട്ടില്ല. ഒറ്റിയിട്ടുണ്ടെങ്കിൽ തനിക്ക് മനസിലായിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.
ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അരവിന്ദ് സ്വാമിയും ഫ്രീക്കൻ കഥാപാത്രമായ കിച്ചുവിനെ താനും അവതരിപ്പിക്കുന്നു. അധോലോക കുറ്റവാളിയായ ഓർമ നഷ്‌ടപ്പെട്ട ഡേവിഡിന്‍റെ കൂടെ മുംബെയിൽ നിന്നും മംഗലാപുരത്തേക്കുള്ള യാത്രയാണ് ചിത്രത്തില്‍ രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ആര് ആരെ ഒറ്റുന്നുവെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് ചിത്രമെന്നും ചാക്കോച്ചൻ വിശദീകരിച്ചു. ഒറ്റ് സിനിമയ്ക്ക് വേണ്ടി നാല് കിലോയോളം ഭാരം കുറച്ചുവെന്നും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ ചിത്രത്തില്‍ നൃത്തമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.