സിനിമ വിശേഷങ്ങളുമായി ജയരാജന്‍ കോഴിക്കോട് എറണാകുളം :അമ്പത് ആണ്ടുകള്‍ നീളുന്ന അഭിനയ സപര്യ. 70-ാം വയസിൽ തേടി എത്തിയതോ നായക വേഷവും. ഇപ്പോഴിതാ ജയരാജന്‍ കോഴിക്കോട് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഈ അവസരത്തില്‍ തന്‍റെ അഭിനയ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ജയരാജന്‍ കോഴിക്കോട് ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.
അഭിനയ ജീവിതത്തില്‍ 50 വർഷം കടന്നുപോയത് ജയരാജന്‍ അറിഞ്ഞില്ല. 'ഹെലൻ' എന്ന സിനിമയാണ് ഒരു പക്ഷേ നായക കഥാപാത്രത്തിലേയ്‌ക്കുള്ള ജയരാജന്‍റെ വഴിത്തിരിവ്. നവാഗതനായ അഭിജിത്ത് അശോകന്‍ സംവിധാനം ചെയ്‌ത 'ഹെലൻ' സിനിമയിൽ ചെയ്‌ത സെക്യൂരിറ്റി ജീവനക്കാരന്‍റെ പുഞ്ചിരി, സിനിമ കണ്ട ആർക്കാണ് മറക്കാന്‍ ആവുക..?
തുടർന്നാണ് 'ജനനം: 1947, പ്രണയം തുടരുന്നു' എന്ന ചിത്രത്തിലെ അവസരം ജയരാജനെ തേടി എത്തുന്നത്. ഈ സിനിമയിലൂടെ മുംബൈ ജാഗ്രണ്‍ ഫെസ്‌റ്റിവലിൽ ജയരാജന്‍ മികച്ച നടായി തെരഞ്ഞെടുക്കപ്പെട്ടു. 500 ഓളം സിനിമകളിലെ കലാകാരന്‍മാരെ പിന്തള്ളിയാണ് ഫെസ്‌റ്റിവലിൽ ജയരാജന്‍ മികച്ച നടനാകുന്നത്.
അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ 'കഥാപുരുഷന്‍' എന്ന സിനിയമില്‍ അവസരം ലഭിച്ചതിനെ കുറിച്ചും ജയരാജന്‍ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് അടൂർ ഗോപാലകൃഷ്‌ണനെ ജയരാജൻ കാണാൻ ഇടയായി. മറ്റൊന്നും ചിന്തിച്ചില്ല, താങ്കളുടെ സിനിമയിൽ ഒരു വേഷം തരാമോ എന്ന് അടൂരിനോട് ജയരാജന്‍ നേരിട്ട് ചോദിച്ചു. ഇത്രയും ധൈര്യത്തിൽ തന്നോട് വേഷം ചോദിക്കുന്നത് ആരാണെന്ന അര്‍ഥത്തില്‍ ജയരാജനെ അടൂര്‍ ഒരു നോട്ടം നോക്കി.
Also Read: Murukan Kattakada 'ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി നിങ്ങളെ ഞാൻ കൊല്ലും', കവിത കേട്ട ശേഷം വന്ന ഫോൺ കോളുകളെ കുറിച്ചും കത്തിനെ കുറിച്ചും മുരുകൻ കാട്ടാക്കട ഇടിവി ഭാരതിനോട്
ഒരു നിമിഷത്തെ നിശബ്‌ദതയ്‌ക്ക് ശേഷം നേരിൽ വന്ന് കാണാൻ ജയരാജനോട് അടൂര്‍ നിര്‍ദേശിച്ചു. അങ്ങനെ 'കഥാപുരുഷൻ' എന്ന വിഖ്യാതമായ സിനിമയിലെ വേഷം വന്ന വഴിയെ കുറിച്ച് ജയരാജൻ ഓർത്തെടുത്തു. സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളിലൂടെ നാട്ടിൻ പുറത്തുകാരന്‍റെ രൂപവുമായി നിരന്തരം പ്രേക്ഷകർക്കിടയിലേക്ക് ജയരാജന്‍ എത്തിക്കൊണ്ടിരുന്നു.
പൊറാട്ട് നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലൂടെ സ്വയം വളർന്നു. 'നാടക പുരാണം' എന്ന പേരില്‍ പഴയകാല നാടക കലാകാരന്‍മാരുടെ കഥ പറയുന്ന യൂട്യൂബ് ചാനലും ജയരാജിന്‍റേതായുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'എന്നും നന്മകൾ' എന്ന സിനിമയിൽ ബസ് കണ്ടക്‌ടർ ആയാണ് ജയരാജ് സിനിമയിലേയ്‌ക്ക് എത്തുന്നത്. മമ്മൂട്ടി ചിത്രം 'ഒരു അഭിഭാഷകന്‍റെ കേസ് ഡയറി'യിലെ സാക്ഷി കഥാപാത്രവും കരിയറിൽ ശ്രദ്ധേയം തന്നെ.
ബിജു മേനോൻ ചിത്രം 'ഒരു തെക്കൻതല്ല് കേസ്' ജയരാജന്‍ എന്ന അഭിനേതാവിനെ വളർത്തി. അടുത്തിടെ പുറത്തിറങ്ങിയ ഷറഫുദ്ദീൻ നായകനായ 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. പ്രിയദർശന്‍റെ 'ഓളവും തീരവും' ആണ് ജയരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
തുടക്ക കാലത്ത് അറിയപ്പെടുന്ന ജാസ് പ്ലെയറും ഡ്രമ്മറും ആയിരുന്നു ജയരാജ്. നാട്ടിൻ പുറത്തുകാരന്‍റെ രൂപവും സംസാരവും ഒക്കെ വഴങ്ങുന്ന ജയരാജനെ ഉൾക്കൊള്ളാൻ പ്രേക്ഷകന് വളരെ എളുപ്പം സാധിച്ചു.
Also Read:Manoj KU about Mammootty: 'എന്‍റെ കഥാപാത്രത്തിന് വേണ്ടി മമ്മൂട്ടി സഞ്ചരിച്ചത് 6000 കിലോമീറ്റർ' : മനോജ് കെയു