എറണാകുളം/തൃശൂര്‍:അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ മൃതദേഹം കൊച്ചിയിലും തൃശൂരിലും പൊതുദര്‍ശനത്തിന് വയ്ക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയാണ് പൊതുദര്‍ശനം. ശേഷം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്നര വരെ പൊതുദര്‍ശനത്തിന് വയ്ക്കും. അഞ്ച് മണിയോടെ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്‍റിന്‍റെ വീടായ 'തറവാടില്‍' എത്തിക്കും.
സംസ്‌കാരം നാളെ:ചൊവ്വാഴ്‌ച രാവിലെ പത്തു മണിയോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം അടക്കം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്‌ച രാത്രി 10.30നായിരുന്നു ഇന്നസെന്‍റിന്‍റെ മരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു അദ്ദേഹം. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് എക്മോ പിന്തുണയിലായിരുന്നു ചികിത്സ നൽകിയിരുന്നത്.
Also Read: 'ഇന്ന് മരിച്ചാലെന്ത്, നാളെ മരിച്ചാലെന്ത്'; കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്‍റ്
ആന്തരികാവയവങ്ങല്‍ നിലച്ചു, ഒപ്പം ഹൃദയാഘാതവും: കൊവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആന്തരികാവയവങ്ങൾ പ്രവർത്തനക്ഷമം അല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. രണ്ട് തവണ അർബുധത്തെയും കൊവിഡിനെയും അതിജീവിച്ച വ്യക്തി കൂടിയാണ് ഇന്നസെന്‍റ്. ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്‌ച മുമ്പാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യുമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. മാർച്ച് മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യനില വീണ്ടും ഗുരുതരമാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു.
പിന്നീട് ഒരു ഘട്ടത്തിലും അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി കൈവരിക്കാൻ കഴിയാതെ വരികയായിരുന്നു. ഇന്നസെന്റിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതോടെ ഞായറാഴ്ച രാത്രി എട്ട് മണി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്‌തു. ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവ് അസാധ്യമായ രീതിയിൽ ആന്തരിക അവയങ്ങളുടെ പ്രവർത്തനങ്ങൾ പരാജയപ്പെട്ടിരുന്നു.
Also Read: 'മമ്മൂട്ടി വിളിച്ച് ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറഞ്ഞു, പിണറായി ആവശ്യപ്പെട്ടതാണെന്ന് അറിയിച്ചു'; സിനിമയെ വെല്ലുന്ന എന്‍ട്രി
നടൻ മമ്മൂട്ടി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു. മുൻ പാർലമെന്‍റ് അംഗവും മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന ഇന്നസെന്‍റിന്‍റെ മരണത്തിൽ മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി.
മികച്ച നടന്‍, വീറുറ്റ പോരാളി:ഇന്നസെന്‍റിന് വഴങ്ങാത്ത ഒരു വേഷവും മലയാളത്തിലുണ്ടായിരുന്നില്ല എന്നതുപോലെ തന്നെ മറ്റൊരാളാൽ അനുകരിക്കാൻ കഴിയാത്ത വിധത്തിൽ ഇന്നസെന്‍റിന്‍റേത് മാത്രമായിരുന്നു അദ്ദേഹം ചെയ്‌ത വേഷങ്ങൾ എന്നും മന്ത്രി പി രാജീവ് അനുസ്‌മരിച്ചു. എത്രയെത്ര തലമുറകൾ ഇന്നസെന്‍റിനെ സ്ക്രീനിൽ കണ്ട് ചിരിച്ചു, കരഞ്ഞു. എത്രയെത്ര തലമുറകൾ കാൻസറിനോടുള്ള അദ്ദേഹത്തിന്‍റെ പോരാട്ടത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടു. സിനിമയിലെ വേഷങ്ങൾ കൊണ്ട് മാത്രമല്ല, ജീവിതത്തിന്‍റെ പോരാട്ട വീര്യം കൊണ്ടും പുരോഗമന ആശയങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള വീറുറ്റ പോരാട്ടങ്ങളുടെ ഭാഗമായിക്കൊണ്ടും ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് ഇന്നസെന്‍റ് എന്നും പി രാജീവ് അനുസ്‌മരിച്ചു. ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു എന്ന് മന്ത്രി പി രാജീവ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.