എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ആദ്യഘട്ടത്തിൽ പ്രതികളെ ഒറ്റയ്ക്ക് ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് പ്രതികളുടെ ചോദ്യം ചെയ്യൽ നടക്കുന്നത്.
ഗൂഢാലോചന കേസില്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ദിലീപിന്‍റെ ദൃശ്യം സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ ഒരുമിച്ചാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു പ്രതികൾ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കയറി പോയത്. ബൈജു, അപ്പു എന്നീ പ്രതികൾ അല്പ സമയം മുമ്പ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു.
ചോദ്യം ചെയ്യല്‍ കോടതിയുടെ അനുമതിയോടെ
ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ വീഴ്ചവരുത്തിയാൽ ഗുരുതരമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച പ്രോസിക്യൂഷൻ ഹാജരാക്കണം. മൂന്ന് ദിവസം പതിനൊന്ന് മണിക്കൂർ വീതം മുപ്പത്തിമൂന്ന് മണിക്കൂർ സമയം പ്രതികള ചോദ്യം ചെയ്യാൻ അവസരം ലഭിച്ച സാഹചര്യത്തിൽ, വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യൽ നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നേരിട്ടെത്തി പ്രതികളെ ചോദ്യം ചെയ്യും. പ്രതികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ചോദ്യം ചെയ്യൽ ഏറെ നിർണ്ണായകമാണ്.
ചോദ്യം ചെയ്യൽ പ്രോസിക്യൂഷനും നിര്‍ണായകം
അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനും ചോദ്യം ചെയ്യൽ ഏറെ പ്രധാനപ്പെട്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിചമച്ച കേസാണിതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ നോക്കി ശാപ വാക്കുകൾ മാത്രമാണ് പറഞ്ഞതെന്നാണ് ദിലീപിന്‍റെ വാദം.
എന്നാൽ ഇത് മാത്രമല്ല മറ്റ് കാര്യങ്ങൾ കൂടി ഉണ്ടായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യഷൻ മുദ്രവെച്ച കവറിൽ ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ച ശേഷം അസ്വസ്ഥപ്പെടുത്തുന്ന ചില കാര്യങ്ങൾ അതിൽ ഉണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അറസ്റ്റ് ഒഴിവാക്കാൻ ചോദ്യം ചെയ്യലുമായി ഏതറ്റം വരെയും സഹകരിക്കാമെന്ന നിലപാടിലേക്ക് ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ എത്തിയത്.