എറണാകുളം: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ. തിങ്കളാഴ്‌ചയാണ് ഉദര രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. ആശങ്കപ്പെടേണ്ട ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും കുറച്ച് ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടൻ പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. അതേസമയം, ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് നേരത്തെയും അദ്ദേഹം കൊച്ചിയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നാണ് വിവരം. ചെന്നൈയിൽ നിന്നും ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഉൾപ്പടെയുള്ള ബന്ധുക്കൾ ഉടൻ കൊച്ചിയിലെത്തുമെന്നാണ് വിവരം .
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക:ബാലയുടെ ആരോഗ്യനിലയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍എം ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നിരുന്നു. ബാലയെ താനും ഉണ്ണി മുകുന്ദനും ഉള്‍പ്പെടെയുളളവര്‍ ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചെന്നും അദ്ദേഹത്തിന് നിലവില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും, ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നും ബാദുഷ കുറിച്ചു.
ബാദുഷയുടെ കുറിപ്പ്: ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.