എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് കുരുക്കാവുന്ന ഫോൺ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചു. വധഗൂഢാലോചന കേസിലെ പ്രതികൂടിയായ ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിന്‍റെ ഫോണിൽ നിന്നാണ് ശാസ്ത്രീയമായ പരിശോധനയിലൂടെ സംഭാഷണം ലഭിച്ചത്. സുരാജും വ്യവസായി ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ നിര്‍ണായക വിവരങ്ങളാണുള്ളത്.
'കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് പറയുന്നത്. ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊഡക്ഷൻസ് ഹൗസ്, ഡി സിനിമാസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോൾ എന്തിനാണ് കാവ്യയുടെ സ്ഥാപനത്തിൽ എത്തിച്ചത്. ജയിലിൽ നിന്ന് വന്ന കോൾ നാദിർഷ എടുത്തതുകൊണ്ടാണ് ദിലീപ് ചേട്ടന് പണി കിട്ടിയത്. കാവ്യയെ കുടുക്കാൻ വേണ്ടിയുള്ള പണിയായിരുന്നു അത് ചേട്ടൻ കയറി ഏറ്റുപിടിച്ചതാ.
Also Read: കാവ്യ മാധവനെ ചോദ്യം ചെയ്യും ; തിങ്കളാഴ്‌ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ്
ദിലീപിൻ്റെ സമയ ദോഷമാണ് ഇതിന് കാരണം. പൂജയും മറ്റും നടത്തി പ്രശ്നം പരിഹരിക്കണം. ഇത്രയും സെൻസേഷണലായ കേസിൽ ഒരോ കാര്യം പറഞ്ഞ് കോടതിയെ സമീപിക്കുന്നതിൽ കാര്യമില്ല. വീണ്ടും വീണ്ടും ഹർജികൾ കൊടുക്കാൻ അഭിഭാഷകർക്ക് പറയാം. അവർക്ക് പൈസയല്ലേ ലഭിക്കുന്നത്. അന്തിമ റിപ്പോർട്ട് വരെട്ടെ അതനുസരിച്ച് നീങ്ങുന്നതാണ് ബുദ്ധി' - സുരാജ് പറയുന്നു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിൻ്റെ ശബ്ദ രേഖയും ക്രൈം ബ്രാഞ്ചിന്:അവൻന്മാർ ഇറങ്ങട്ടെ വൈരാഗ്യം എന്തെന്ന് നമുക്ക് കാട്ടിക്കൊടുക്കാമെന്ന് സുരാജ് പറയുന്നതാണ് ശബ്ദരേഖ. തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയോടൊപ്പവും ക്രൈംബ്രാഞ്ച് ഈ ശബ്ദരേഖകൾ സമർപ്പിച്ചിട്ടുണ്ട്.