അറസ്റ്റിലായ പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു എറണാകുളം : കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് (ISIS) സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന തൃശൂർ മതിലകം കാട്ടൂർ സ്വദേശിയായ ആഷിഫിനെ എൻഐഎ (NIA) ചോദ്യം ചെയ്യുന്നു. ഇന്നലെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. തമിഴ്‌നാട് സത്യമംഗലം വനത്തിനുള്ളിൽ നിന്നാണ് ആഷിഫിനെ എൻഐഎ പിടികൂടിയത്.
കേരളത്തിൽ ഐഎസ് ബന്ധമുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമായതോടെയാണ് ആഷിഫ് കേരളം വിട്ടത്. തുടർന്ന് സത്യമംഗലം വനാന്തരങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. വനങ്ങളിൽ ഐഎസ് ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നോയെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്.
ഐഎസിനായി ഫണ്ട് സ്വരൂപണം നടത്താൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ് ആഷിഫ് എന്നാണ് സംശയിക്കുന്നത്. കേരളത്തിൽ ഐഎസ് ഭീകരപ്രവർത്തനം വ്യാപിപ്പിക്കാനും യുവാക്കളെ ഐഎസിലേക്ക് എത്തിക്കാനും ശ്രമം നടന്നതായും സംശയം ഉണ്ട്. നേരത്തെ ഖത്തറിൽ ജോലി ചെയ്‌തിരുന്ന ആഷിഫ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു എന്നാണ് സൂചന.
കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് ആഷിഫിനെ പിടികൂടിയത്. ഇയാൾക്കൊപ്പം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എന്ന് എൻഐഎ അറിയിച്ചു. കേരളത്തിൽ ആക്രമണം നടത്താനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി എൻഐഎ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പിടിയിലായായ ആഷിഫിനെ ചോദ്യം ചെയ്‌തതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. തുടര്‍ന്ന് ജൂലൈ 16, 19 തിയതികളിൽ ആഷിഫിന്‍റെ വീട്ടിലും കേരളത്തിലെ മറ്റ് നാലിടങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്‌ഡ് നടത്തി. കേരളത്തില്‍ തൃശൂരിലും പാലക്കാടുമുള്ള നാല് സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.
'പ്രധാന ജോലി ഐഎസ് പ്രവർത്തനത്തിന് ഫണ്ട് സമാഹരണം' : തൃശൂരില്‍ നബീല്‍ അഹമ്മദ്, ഷിയാസ് അഹമ്മദ്, ഷിയാസ് ടിഎസ്, റിയാസ് എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. അതേസമയം എന്‍ഐഎ, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ഇന്‍റലിജന്‍സ് ബ്യൂറോ സംഘങ്ങള്‍ ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുകയായിരുന്നു സംഘത്തിന്‍റെ പ്രധാന ജോലി.
ഇതിന് പുറമെ സംഘം കവര്‍ച്ചകളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്‌തിരുന്നതായും എന്‍ഐഎ അറിയിച്ചു. കേരളത്തിലെ ഏതാനും പ്രധാനപ്പെട്ട ആരാധന കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് തീവ്രവാദി ആക്രമണം നടത്താന്‍ ഇവര്‍ സ്ഥല പരിശോധനയടക്കം നടത്തിയിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ചില സാമുദായിക മത നേതാക്കളെ അപായപ്പെടുത്തുകയും അതുവഴി സംസ്ഥാനത്ത് വന്‍ വര്‍ഗീയ കലാപം സൃഷ്‌ടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.
കേരളത്തിലെ കേന്ദ്രങ്ങള്‍ക്കു പുറമേ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ മറ്റ് രേഖകളും കണ്ടെടുത്തു. പ്രതികള്‍ക്ക് നേരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Also read :NIA Raid | ലക്ഷ്യം സമുദായ നേതാക്കളും ആരാധനാലയങ്ങളും, വൻ ആക്രമണ പദ്ധതി തകർത്ത് എന്‍ഐഎ റെയ്‌ഡ്