എറണാകുളം: നായ റോഡിന് കുറുകെ ചാടി ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു. എറണാകുളം ചേരാനല്ലൂർ കോതാട് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മൂലംപ്പള്ളി സ്വദേശിയായ സാൾട്ടനാണ് (26) അപകടത്തിൽ മരണപ്പെട്ടത്. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് വരാപ്പുഴ പൊലീസ് അറിയിച്ചു. ഹാര്‍ബര്‍ ഭാഗത്ത് നിന്നും മടങ്ങുകയായിരുന്ന ലോറിക്ക് അടിയിലേക്കാണ് ബൈക്ക് യാത്രികനായ യുവാവ് വീണത്. ഈ സമയം തനിക്ക് വാഹനം നിര്‍ത്താന്‍ സാധിച്ചിരുന്നില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.
അതേസമയം, ഈ പാതയില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് നേരെ തെരുവ് നായ്‌ക്കള്‍ പതിവായി പാഞ്ഞടുക്കാറുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പലപ്പോഴും രാത്രികാലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. രാത്രിയില്‍ റോഡിലേക്ക് വരുന്ന തെരുവ് നായ്‌ക്കള്‍ ഹോണ്‍ മുഴക്കിയാലും പോകാറില്ലെന്ന് പ്രദേശവാസികളില്‍ ഒരാള്‍ വ്യക്തമാക്കി.
ഈ മേഖലയില്‍ തെരുവ് നായ്‌ക്കള്‍ കാരണം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂട്ടമായി പലപ്പോഴും നായ്‌ക്കള്‍ ഇവിടേക്ക് എത്താറുണ്ട്. ആളുകള്‍ ഈ മേഖലയില്‍ മാലിന്യം തള്ളാറുണ്ടെന്നും ഇവര്‍ ആരോപിച്ചു.
നേരത്തെ, കാസര്‍കോട് ജില്ലയില്‍ കാല്‍നടയാത്രക്കാരനെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ജൂണ്‍ 14ന് ഉണ്ടായ സംഭവത്തില്‍ തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി ഗണേശനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.