എറണാകുളം: ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിന്‍റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ല. പ്രസിഡന്‍റിന്‍റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ആലപ്പുഴ ജില്ലയുടെ അത്രയും വിസ്തൃതിയുള്ള കുട്ടമ്പുഴ പഞ്ചായത്ത് മലയോര, ആദിവാസി മേഖലയാണ്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം കട്ടപ്പുറത്ത് - No vehicle for Kuttampuzha Panchayath
15-ഓളം ആദിവാസി കോളനികളാണ് കുട്ടമ്പുഴ പഞ്ചായത്തിലുള്ളത്. ഭൂരിപക്ഷം കോളനികളിലേക്കും എത്തപ്പെടാൻ നല്ല ഒരു വഴി പോലുമില്ലാത്ത അവസ്ഥയാണുള്ളത്
15-ഓളം ആദിവാസി കോളനികളാണ് കുട്ടമ്പുഴ പഞ്ചായത്തിലുള്ളത്. ഭൂരിപക്ഷം കോളനികളിലേക്കും എത്തപ്പെടാൻ നല്ല ഒരു വഴി പോലുമില്ലാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ട് ദിവസങ്ങൾ മാത്രം ആയിട്ടുള്ളുവെങ്കിലും സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഓട്ടോ വിളിച്ചും, സഹ പ്രവർത്തകരുടെ ബൈക്കിനു പുറകിൽ ഇരുന്നുമാണ് കാന്തി യാത്ര ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിൽ ഏൽപ്പിച്ചിരിക്കുകയാണ്.
പണി പൂർത്തിയാക്കി വണ്ടി പുറത്തിറക്കണമെങ്കിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ വേണ്ടി വരും. ഒക്റ്റോബറിൽ കട്ടപ്പുറത്തായ വാഹനം പണിത് പുറത്തിറക്കാനുള്ള ഫണ്ടിന് പഞ്ചായത്ത് അനുമതി കൊടുക്കാത്തതാണ് വാഹനം കട്ടപ്പുറത്ത് തുടരാൻ കാരണമായിരിക്കുന്നത്. ഏറെ വിസ്തൃതിയും ആദിവാസി, മലയോര ഗ്രാമങ്ങളുമുള്ള കുട്ടമ്പുഴയിൽ വാഹന സൗകര്യമില്ലാത്തത് പഞ്ചായത്ത് ഭരണത്തെ ഏറെ ബാധിക്കുമെന്ന് പ്രസിഡന്‍റ് കാന്തി പറഞ്ഞു.