എറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. മുഖ്യപ്രതി സഹല്‍ ഹംസയുമായാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സ്ഥലം ഉൾപ്പെടെ പ്രതി അന്വേഷണസംഘത്തിന് കാണിച്ച് കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിലെ പല കേന്ദ്രങ്ങളിലും പ്രതിയെ രഹസ്യമായി തെളിവെടുപ്പിന് എത്തിച്ചിരുന്നു. എട്ട് ദിവസത്തേക്കാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കർണാടകയില്‍ ഉള്‍പ്പടെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
അഭിമന്യു കൊലപാതകം; അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചു - മഹാരാജാസ് കോളജ് അഭിമന്യു മരണം
അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സ്ഥലം ഉൾപ്പെടെ പ്രതി അന്വേഷണസംഘത്തിന് കാണിച്ച് കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിലെ പല കേന്ദ്രങ്ങളിലും പ്രതിയെ രഹസ്യമായി തെളിവെടുപ്പിന് എത്തിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സഹല്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ കൊരട്ടിയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതോടെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. എറണാകുളം നെട്ടൂർ സ്വദേശിയായ സഹല്‍ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്. പ്രതി രണ്ട് വർഷമായി ഒളിവിലായിരുന്നു. പ്രതിക്ക് വേണ്ടി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കീഴടങ്ങിയത്.
2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിന് പിന്നിലെ മതിലിന് സമീപംവച്ച് അഭിമന്യുവിന് കുത്തേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോളജ് മതിലിൽ നവാഗതരെ സ്വാഗതം ചെയ്‌ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ ചുമരെഴുത്ത് എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.