എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എൻഐഎയുടെ അപേക്ഷ കോടതിയില്‍. കൊച്ചി എൻഐഎ കോടതിയാണ് കേസ് പരിഗണിക്കുക. കോടതി അബ്‌ദുല്‍ സത്താറിനെ ഒക്‌ടോബർ 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു.
കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുല്‍ സത്താർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹ മാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ചേർത്തതിലും സത്താറിന് പങ്കുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തൽ. യുഎപിഎ നിയമത്തിലെ 13, 18, 19, 38, 39 വകുപ്പുകളാണ് സത്താറിനെതിരെ ചുമത്തിയത്.
ഇതേ കേസിൽ നേരത്തെ റിമാന്‍ഡിലായ പ്രതികൾക്കെതിരെ ചൂണ്ടിക്കാട്ടിയ അതീവ ഗുരുതര ആരോപണങ്ങൾ സത്താറിനെതിരെയും എൻഐഎ ഉന്നയിച്ചിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവായ പ്രതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും എൻഐഎ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രജിസ്‌റ്റര്‍ ചെയ്‌ത യുഎപിഎ കേസിൽ നിലവിൽ പതിനൊന്നു പേർ റിമാൻഡില്‍ കഴിയുകയാണ്.