എറണാകുളം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി കുറച്ച് ദിവസം ചികിത്സയില്‍ തുടരണമെന്ന് ഡോക്‌ടർമാർ. ഇതോടെ മദനി ജന്മനാട്ടിലെത്തി പിതാവിനെ സന്ദർശിക്കുന്നത് വൈകും. മദനിയുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അദ്ദഹം ചികിത്സയിൽ കഴിയുന്ന മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് കുറച്ചുനാള്‍ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് പരാമര്‍ശിക്കുന്നത്.
നിരീക്ഷണത്തില്‍ മദനി:രക്തസമ്മർദവും, ക്രിയാറ്റിനും വളരെ ഉയർന്ന നിലയിൽ ആയതിനാലാണ് നെഫ്രോളജിസ്‌റ്റ് ഡോ. മുഹമ്മദ് ഇക്ബാലിന്‍റെ കീഴിൽ അദ്ദേഹത്തെ അഡ്‌മിറ്റ് ചെയ്‌തത്. കിഡ്‌നിയുടെ പ്രവർത്തനശേഷി കുറവാണ് എന്ന് പരിശോധനയ്ക്ക് ശേഷമാണ് മനസിലായത്. കൂടാതെ ബ്ലാഡർ സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദ്‌രോഗം എന്നിവ വിലയിരുത്താന്‍ അതത് വിഭാഗത്തിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
അതിനാല്‍ ആരോഗ്യനില വീണ്ടെടുക്കാൻ കുറച്ചുദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിച്ചിരുന്നു. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ മദനി, കൊച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ച് അഞ്ച് കിലോമീറ്റർ പിന്നിടുന്നതിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ചത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദം കൂടി പല തവണ ഛർദിക്കുകയും കൂടുതൽ ക്ഷീണിതനാവുകയും ചെയ്‌ത സാഹചര്യത്തില്‍ ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുനു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കൊല്ലത്തേക്ക് യാത്ര തുടരാമെന്ന് ബന്ധുക്കളും പാർട്ടി നേതാക്കളും തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്‌ച രാത്രി ഏഴര മണിയോടെ ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ മദനിയെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുദ്രാവാക്യം വിളികളോടെ ഏറെ ആവേശത്തോടെയാണ് പി.ഡി.പി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിയ മദനിയെ ആംബുലൻസിൽ കൊല്ലത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനമായത്.
പിതാവിനടുത്തേയ്‌ക്ക് തിരിക്കാനൊരുങ്ങി മദനി : നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന അദ്ദേഹം ഏറെ ക്ഷീണിതനായിരുന്നു. കൊച്ചി എയർ പോർട്ടിൽ നിന്ന് നേരെ പിതാവിനെ സന്ദർശിക്കാനാണ് മദനി യാത്ര തിരിച്ചതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌ത ശേഷം പിതാവിനടുത്തേക്കാണ് അദ്ദേഹം പോവുക.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് മദനി അഞ്ചര വർഷത്തിന് ശേഷം കേരളത്തിലെത്തിയത്. നേരത്തെ മകന്‍റെ കല്യാണത്തിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ
കേരളത്തിലേക്ക് വരാൻ മദനിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.