കവരത്തി: അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മിനിക്കോയ് ദ്വീപിലെ മൂന്ന് ബി.ജെ.പി നേതാക്കള്‍ കൂടി രാജിവെച്ചു. മിനിക്കോയിയിലെ ബി.ജെ.പി പ്രസിഡന്‍റ് ഇബ്രാഹിം തിതിഗി, സെക്രട്ടറി ഷൗക്കത്ത് കന്‍ബിലോഗ്, ട്രഷറര്‍ മുഹമ്മദ് കലീലുഗോത്തി എന്നിവരാണ് രാജിവെച്ചത്.
ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ അബ്ദുല്‍ കാദര്‍ ഹാജിക്ക് മൂവരും രാജിക്കത്ത് കൈമാറി. കൂടുതല്‍ നേതാക്കള്‍ കൂടി രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തില്‍ ബി.ജെ.പി നേതാക്കളുടെ തുടര്‍ച്ചയായ രാജി കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കരിദിനം ആചരിച്ച് ദ്വീപ് വാസികള്‍
പ്രഫുല്‍ പട്ടേലിനെതിരായ പ്രതികരണം നടത്തിയതിനെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഈ വിഷയത്തിലും ലക്ഷദ്വീപിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് 15 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. അതേസമയം, ഇന്ന് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുമെന്ന വിവരം വന്നതിനെതുടര്‍ന്ന് ദ്വീപ് നിവാസികള്‍ കരിദിനം ആചരിച്ചു.
ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര ഉപേക്ഷിച്ച് അഡ്മിനിസ്‌ട്രേറ്റർ. അവസാന നിമിഷമാണ് ഔദ്യോഗിക സന്ദർശന പാതയിൽ നിന്നും കൊച്ചി ഒഴിവാക്കിയത്. അഡ്മിനിസ്ട്രേറ്റർ ഗോവയിൽ നിന്നും നേരിട്ട് അഗത്തിയിലേക്ക് പോയതായാണ് സൂചന. കൊച്ചി വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
തുടര്‍ന്ന്, അഡ്മിനിസ്ട്രേറ്ററെ കാണാൻ യു.ഡി.എഫ് എം.പിമാരായ ഹൈബി ഈഡനും, ടി.എൻ. പ്രതാപനും എത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേക്ക് ഒളിച്ചോടിയെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രതികരിച്ചു.
ALSO READ:മുൻകൂർ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍