എറണാകുളം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 2020 സ്ത്രീ സുരക്ഷാ വർഷമായി ആചരിക്കാൻ തീരുമാനിച്ചതായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ജനുവരി ഒന്നാം തീയതി എറണാകുളത്ത് നടത്തുന്ന പരിപാടിയോടെ സ്ത്രീ സുരക്ഷ വർഷത്തിന് ഔദ്യോഗികമായ തുടക്കമാകും. മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ യാത്രയും, കൗൺസിലിങ് ഉൾപ്പടെയുള്ള പരിപാടികളും സംഘടിപ്പിക്കുമെന്ന് ലതികാ സുഭാഷ് പറഞ്ഞു.
2020 സ്‌ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുമെന്ന് മഹിളാ കോൺഗ്രസ് - ernakulam latest news
ജനുവരി ഒന്നാം തീയതി എറണാകുളത്ത് നടത്തുന്ന പരിപാടിയോടെ സ്ത്രീ സുരക്ഷാ വർഷത്തിന് ഔദ്യോഗിക തുടക്കമാകും
ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പുകേട് മൂലം സ്ത്രീകളുടെ സുരക്ഷാ നഷ്ടമാകുകയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ലതികാ സുഭാഷ് കുറ്റപ്പെടുത്തി. ദേശീയ തലത്തിലും സ്ത്രീകൾ അക്രമത്തിനിരയാവുകയാണ്. പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്‌തു കൊടുക്കാൻ ബി.ജെ.പി സർക്കാർ എന്തും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വനിതാ സംവരണ ബിൽ പാർലമെന്‍റിലും നിയമസഭയിലും യാഥാർഥ്യമാക്കാൻ ആവശ്യപ്പെട്ട് സമരം നടത്തുമെന്നും പാർട്ടിക്കുള്ളിൽ ഇപ്പോൾ വനിതകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ടെന്നും ലതികാ സുഭാഷ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സുധാ കുര്യൻ, ആശാ സനിൽ, വി.കെ മിനിമോൾ എന്നിവരും പങ്കെടുത്തു.