108 മണിക്കൂർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് ബുക്കിലേക്ക് - പുല്ലാങ്കുഴൽ വായന
പുല്ലാങ്കുഴല്‍ വാദകൻ മുരളി നാരായണനാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പുല്ലാങ്കുഴല്‍ വായനയ്ക്ക് തയ്യാറെടുക്കുന്നത്.
തൃശൂര്‍: 108 മണിക്കൂർ പുല്ലാങ്കുഴല്‍ വായിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാൻ തയ്യാറെടുക്കുകയാണ് തൃശൂര്‍ സ്വദേശി മുരളി നാരായണൻ. വടക്കുംനാഥ ക്ഷേത്ര മൈതാനിയാണ് 6 ദിവസം നീളുന്ന ഈ മാരത്തൺ പുല്ലാങ്കുഴൽ വായനയ്ക്ക് വേദിയാകുന്നത്. അമ്മ തങ്കമ്മ അനുഗ്രഹിച്ചു കൈമാറിയ പുല്ലാങ്കുഴൽ ചുണ്ടോടു ചേർത്താണ് മുരളി നാരായണൻ ഈ സ്വപ്ന നേട്ടം കൊയ്യാനൊരുങ്ങുന്നത്. നേരത്തെ 27 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് മുരളി നാരായണൻ സ്ഥാപിച്ച ഗിന്നസ് റെക്കോർഡ് പിന്നീട് തിരുത്തപ്പെട്ടിരുന്നു. 6 ദിവസം നീളുന്ന മാരത്തൺ പുല്ലാങ്കുഴൽ വായനയിലൂടെ നഷ്ടപ്പെട്ട റെക്കോർഡ് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് മുരളിക്കുള്ളത്. സംഗീത മഹായാനം എന്നു പേരിട്ട പരിപാടി പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, നടൻ ജയരാജ് വാരിയർ, നർത്തകി അനുപമ മോഹൻ, പ്രോഗ്രാം ജനറൽ കൺവീനർ എ.പി.സുമ എന്നിവർ പ്രസംഗിച്ചു. ചടങ്ങില്‍ വാദ്യ കലാകാരന്മാരായ പെരിങ്ങോട് ചന്ദ്രൻ, പെരിങ്ങോട് സുബ്രഹ്മണ്യൻ, അനിൽ ആറങ്ങോട്ടുകര എന്നിവരെ ആദരിച്ചു.പുല്ലാങ്കുഴൽ വായനയുടെ ഇടവേളകളില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ കലാപ്രകടനങ്ങളും നടക്കും.