തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ വേഗത പോരെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണന്നും, റീ ബിൽഡ് കേരളയുടെ ലോഗോയായി ഒച്ചിനെ ഉപയോഗിക്കാം എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രളയാനന്തരം നടന്ന ഓരോ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 31,000 കോടിയുടെ നഷ്ടമാണ് പ്രളയകാലത്ത് ഉണ്ടായത്. സംസ്ഥാന പുനർ നിർമ്മാണത്തിന് മൂന്നുവർഷമെങ്കിലും വേണ്ടിവരും. പതിനായിരം രൂപയുടെ ധനസഹായം 6.9 ലക്ഷം കുടുംബങ്ങൾക്ക് അനുവദിച്ചു.
സർക്കാർ സഹായത്തിൽ നിന്ന് ആരും പുറത്താക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എല്ലാവരും ഇതിനായി ശ്രമിക്കുമ്പോൾ റീബിൽഡ് കേരള ഇൻഷിയേറ്റീവ് പരാജയമാണെന്ന് പറയുന്നത് പ്രത്യേക മാനസിക നില ഉള്ളവരാണ്. വെറുതെ പകൽകിനാവ് കണ്ട് സമയം കളയണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.