ഏഴുവയസുകാരന്‍റെ കൊലപാതകം; അനിയനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പിതാവിന്‍റെ ബന്ധുക്കള്‍
അമ്മയുടെ സംരക്ഷണയില്‍ ഇളയ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴുവയസുകാരന്‍റെ അനിയനെ വിട്ട് നല്‍കണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവിന്‍റെ വീട്ടുകാര്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടിയുടെ മരിച്ചുപോയ അച്ഛന്‍റെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ മാതാവിന്‍റെ വീട്ടുകാരുടെ സംരക്ഷണത്തിലാണ് കുട്ടി. എന്നാല്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുമ്പോള്‍ തന്നെയാണ് മൂത്ത കുട്ടി മര്‍ദ്ദനമേറ്റ് മരിച്ചത്. ഈ സാഹചര്യത്തില്‍ ഇളയകുട്ടിയുടെ ഭാവിയിലും ആശങ്കയുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നത്. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു കുട്ടികളുടെ പിതാവ് മരണപ്പെടുന്നത്. കുറച്ചുനാളുകള്‍ക്ക് ശേഷം രണ്ട് കുട്ടികളെയും കൂട്ടി യുവതി അരുണിനൊപ്പം താമസമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്‍ വീട്ടുകാരും യുവതിയും തമ്മില്‍ അകല്‍ച്ചയിലാകുകയായിരുന്നു.