സംസ്ഥാനത്ത് ചൂടിന് ശമനമില്ല: മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി
വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും. ഇന്നും നാളെയും താപ തീവ്രത 50 ഡിഗ്രിയ്ക്കു മുകളിലെത്തും. രാവിലെ 11 മണി മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കര്‍മ്മ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പൊള്ളല്‍, ക്ഷീണം എന്നിവയുമായി വൈദ്യ സഹായം തേടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.