പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കവിതയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും എൽഡിഎഫ് സർക്കാരിന് കീഴിൽ കേരളത്തിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന് കീഴിൽ ജനങ്ങൾ കഴിയുന്നത് ഭീതിയോടെ:
പിണറായി സര്‍ക്കാരിന് കീഴില്‍ സ്ത്രീ സുരക്ഷ പൂര്‍ണ്ണമായും അപകടത്തിലായതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവല്ലയില്‍ അക്രമി തീ കൊളുത്തിയ യുവതിയുടെ ദാരുണ മരണമെന്ന് ചെന്നിത്തല പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലെത്തിയവര്‍ സ്ത്രീകളെ പച്ചക്ക് കത്തിക്കുന്നതും, തട്ടിക്കൊണ്ട് പോകുന്നതും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതും, കേസിൽ അന്വേഷണം എങ്ങും എത്താത്തതും, തലസ്ഥാന നഗരിയില്‍ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളുടെ വിളയാട്ടവും ഇതിന് ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. കരമനയിൽ യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച് കൊന്നിട്ടും പൊലീസ് കണ്ട ഭാവം നടിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.