കോഴിക്കോട്: ഹോസ്റ്റൽ മുറിയിലെ റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന മലയാളി നഴ്സിംഗ് വിദ്യാർഥിക്ക് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചു നൽകാതെ കോളജ് അധികൃതര്‍. തമിഴ്നാട് പേരമ്പല്ലൂരിലെ ശ്രീനിവാസന്‍ കോളജ് ഓഫ് നഴ്സിങിലെ അധികൃതരാണ് കോഴിക്കോട് സ്വദേശി ആതിരയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുന്നത്. കോഴിക്കോട് ചേളന്നൂർ പാലക്കോട്ടുതാഴം ഹരിവൽത്തിൽ പി ഷാജിയുടെയും കെ എം ജിവിഷയുടെയും മകളാണ് ആതിര. നാല് വര്‍ഷത്തെ നഴ്സിംഗ് കോഴ്സിന്‍റെ ഫീസായ അഞ്ച് ലക്ഷം രൂപ മുഴുവനായി അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് കോളജ് അധികൃതര്‍. 2017-18 അധ്യയന വര്‍ഷത്തിലാണ് ആതിര തമിഴ്നാട്ടിലെ പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്സിങില്‍ പ്രവേശനം നേടിയത്.
റാഗിങ് മൂലം പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ കോളജ് അധികൃതര്‍ - തമിഴ്നാട്
ഹോസ്റ്റല്‍ മുറിയിലെ റാഗിങും പീഡനവും മൂലമാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചാല്‍ അടുത്ത വര്‍ഷം നാട്ടില്‍ പഠനം തുടരാമെന്ന പ്രതീക്ഷയിലാണ് ആതിര.
എന്നാല്‍ മൂന്ന് മാസം പൂര്‍ത്തിയായപ്പോള്‍ തന്നെ ആതിരക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഹോസ്റ്റല്‍ മുറിയിലെ റാഗിങും മാനസിക പീഡനവും സഹിക്കാനാകാതെയാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് ആതിര പറയുന്നു. ഇൻഡസ്ട്രിയൽ ജോലിക്കാരനായ ഷാജിയുടെ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. സംഭവത്തിൽ തമിഴ്നാട് പൊലീസിനും കോഴിക്കോട് നോർത്ത് എംഎൽഎക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആതിരയുടെ അമ്മ ജിവിഷ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനായി നിരവധി തവണ ഇവർ കോളജില്‍ നേരിട്ടെത്തി. വസ്തുത അധികൃതരെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടര്‍ മുഖാന്തിരം വക്കീല്‍ നോട്ടീസ് അയച്ചതിനാല്‍ ഇനി നിയമപരമായി മുന്നോട്ട് പോകാം എന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. നഴ്സ് ആകുകയെന്ന ആഗ്രഹത്തോടെ ബി എസ് സി നഴ്സിംഗ് പഠിക്കാൻ പോയ തനിക്ക് ഒരു തരത്തിലും അവിടെ തുടരാൻ സാധിക്കാതെ വന്നതോടെയാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്നും തന്‍റെ സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ അടുത്ത വർഷമെങ്കിലും നാട്ടിൽ തുടർ പഠനത്തിന് അവസരം ലഭിക്കുമെന്നും ആതിര പറഞ്ഞു.