തിരുവനന്തപുരം:പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന്‍ ശേഖരിച്ചതില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കുമെന്ന് സൂചന. ഇന്‍റലിജന്‍സ് മേധാവിയായ ടി കെ വിനോദ് കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ചതില്‍ നടന്ന ക്രമക്കേട് പരിശോധിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
സിപിഎം ഭരിക്കുന്ന പൊലീസ് അസോസിയേഷന്‍റെ നേതാക്കള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇന്‍റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്. പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത എത്രത്തോളമെന്നതാണ് ആദ്യം പരിശോധിച്ചത്. ഇക്കാര്യത്തില്‍ പരാതിയുള്ള പൊലീസുകാരെ കണ്ടെത്താനും ശ്രമം നടക്കുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതിന് ഓരോ ജില്ലയിലും അഡീഷണല്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.