തിരുവനന്തപുരം: ഹാത്തൂന്‍ ബീവിയുടെ ജീവിതത്തിലെ കരളലിയിപ്പിക്കുന്ന കാഴ്ചയാണിത്. ജന്മനാ ഓട്ടിസം ബാധിച്ച് ജീവിതം വീൽചെയറിലായ 41 വയസ്സുള്ള മകനെയും ഇടതു കാൽ നഷ്ടപ്പെട്ട് ശരീരം തളർന്ന 73 വയസ്സുള്ള ഭർത്താവിനെയും നിറഞ്ഞ പുഞ്ചിരിയോടെ പരിചരിക്കുന്ന ഹാത്തൂൻ ബീവിയെന്ന അറുപതുകാരി അമ്മയുടെ ജീവിതമാണിത്. സ്വന്തമായി ഒരു ചെറിയ വീടെന്ന സ്വപ്നം ഹാത്തൂന്‍ ബീവിക്ക് ഇന്നും അകലെയാണ്.
അമ്പൂരി കുടപ്പനമൂട് മുഹമ്മദ് മന്‍സിലില്‍ അബുസാലിയുടെ ഭാര്യയാണ് ഹാത്തൂന്‍ ബീവി. മൂന്ന് മക്കളാണ് ഹാത്തൂന്‍ ബീവിക്ക്. ജന്മനാ ഓട്ടിസം ബാധിച്ച മൂത്തമകന്‍ പീര്‍ മുഹമ്മദിന്‍റെ ജീവിതം വീല്‍ചെയറിലാണ്. പീര്‍ മുഹമ്മദിന് താഴെ രണ്ട് പെണ്‍മക്കളാണ് ഹാത്തൂന്‍ ബീവിക്ക്. അബുസാലിക്ക് പക്ഷാഘാതം വന്ന് ശരീരം തളരുകയായിരുന്നു. ഇതോടെ ഇടതുകാല്‍ നഷ്ടപ്പെട്ടു. ലോഡിങ് തൊഴിലാളിയായ അബുസാലിയെ ആശ്രയിച്ച് ജീവിച്ച കുടുംബത്തെ ഇത് കുറച്ചൊന്നുമല്ല തളര്‍ത്തിക്കളഞ്ഞത്. പീര്‍ മുഹമ്മദിന്‍റെ ചികിത്സയും ഇതോടെ ബുദ്ധിമുട്ടിലായി. നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍മക്കളുടെ വിവാഹം നടത്തിയത്.
സുമനസുകളുടെ കൈത്താങ്ങ് തേടി ഹാത്തൂന്‍ ബീവി അകന്ന ബന്ധുവിന്‍റെ വീട്ടില്‍ വാടകയ്ക്കാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. ഉദാര മനസ്സുള്ളവര്‍ നല്‍കുന്ന സഹായത്താലാണ് ഈ മൂന്നംഗ കുടുംബത്തിന്‍റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വീല്‍ചെയറില്‍ ജീവിക്കുന്ന രണ്ട് പേരുള്ള ഈ കുടുംബത്തിന് ശുചിമുറി പോലും ഇല്ലെന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. സ്വന്തമായി ഭൂമി ഇല്ലെങ്കില്‍ സര്‍ക്കാര്‍ സഹായത്തില്‍ വീട് ലഭിക്കില്ലെന്ന അവസ്ഥയാണ്. മലയോര മേഖലയിലെ ആദ്യകാല ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു അബുസാലി.
ജീവിതത്തില്‍ തനിക്ക് കരുത്ത് പകരേണ്ട ഭര്‍ത്താവിനെയും വാര്‍ദ്ധക്യത്തില്‍ തനിക്ക് തണലാകേണ്ട മകനെയും നിറപുഞ്ചിരിയോടെ പരിചരിക്കുന്ന ഉമ്മ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളാണ്. മകനും ഭർത്താവിനും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഉതകുന്ന ഒരു വീട് സ്വപ്നം കാണുകയാണ് ഹാത്തൂൻ ബീവി. മകനും ഭര്‍ത്താവിനും കുറച്ചുകൂടി മെച്ചപ്പെട്ട വീല്‍ചെയറുകള്‍ വേണമെന്ന ആഗ്രഹവും ഈ ഉമ്മയ്ക്കുണ്ട്. സുമനസുകള്‍ തങ്ങള്‍ക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് ഹാത്തൂന്‍ ബീവിയും കുടുംബവും.