കർഷകരുടെ കടങ്ങളിലെ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ ഓഫീസർ ടീകാറാം മീണ തിരിച്ചയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം ഇത്തരമൊരു ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദീകരിക്കണമെന്ന് ടീകാറാം മീണ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം ഇറക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനം എടുത്തിട്ടും എന്തു കൊണ്ട് ഉത്തരവ് ഇറക്കിയില്ലെന്നും ടീകാറാം മീണ ചോദിച്ചു. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചാൽ മാത്രമേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഫയൽ അയക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മടക്കി - മടക്കി
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം ഇത്തരമൊരു ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാറാം മീണ ചീഫ് സെക്രട്ടറിക്കു മടക്കി അയച്ചത്.

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്ന കത്തു സഹിതം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി തേടാത്തതിന്‍റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചിരുന്നു.
എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി, മന്ത്രിയുടെ നിർദേശം തള്ളി. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലിൽ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതിക്കായി കൈമാറി. എന്നാൽ ഉത്തരവ് ഇറക്കണമെങ്കിൽ കൂടുതൽ വ്യക്തമായ അപേക്ഷ നൽകണമെന്ന മറുപടിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്കു ഫയൽ മടക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവ് ഇറക്കാനുള്ള സാധ്യതാ സർക്കാരിനു മുന്നിൽ കുറവാണ്.