സൗമ്യയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
കുടുംബത്തിന് ധനസഹായം നല്‍കണമെന്നും കുട്ടികളുടെ പഠനം ഉള്‍പ്പെടെയുളള കാര്യങ്ങൾ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: മാവേലിക്കരയില്‍ പൊലീസുകാരന്‍ വെട്ടി വീഴ്ത്തിയ ശേഷം തീവച്ചു കൊന്ന സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
മൂന്ന് പിഞ്ചു കുഞ്ഞുങ്ങളാണ് സൗമ്യക്കുള്ളത്. തീരെ ദരിദ്രമായ നിലയിലാണ് കുടുംബം. ഭര്‍ത്താവ് സജീവ് ഗള്‍ഫില്‍ നിന്ന് തിരികെ പോന്നിരിക്കുകയാണ്. സൗമ്യ കൊല്ലപ്പെടുകയും ഭര്‍ത്താവ് മടങ്ങിപ്പോരുകയും ചെയ്തതോടെ ഈ കുടുംബത്തിന്‍റെ വരുമാന സ്രോതസുകളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും കുട്ടികളുടെ പഠനം ഉള്‍പ്പെടെയുളള കാര്യങ്ങൾ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.