കേരളം

kerala

ETV Bharat / state

ലഹരി വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ് - സോണല്‍ എ.ഡി.ജി.പി

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധന നടത്തും. റെയില്‍വേ പൊലീസില്‍ ആന്‍റി നര്‍ക്കോട്ടിക് ഡിവിഷന്‍ രൂപീകരിക്കും.

കേരള പോലീസ്

By

Published : Mar 21, 2019, 12:46 AM IST

സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെയും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുടെയും വ്യാപനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സോണല്‍ എഡിജിപിമാര്‍ക്കും റെയ്ഞ്ച് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേരള ആന്‍റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്‍റെ കഴിഞ്ഞ രണ്ട് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ആണ് നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചത്. മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു.

വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശക്തമായ നടപടി എടുക്കും. റെയില്‍വേ പൊലീസില്‍ എസ്പിയുടെ നേതൃത്വത്തില്‍ ആന്‍റി നര്‍ക്കോട്ടിക് ഡിവിഷന്‍ രൂപീകരിക്കും. ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസും എക്സൈസും ചേര്‍ന്ന് സംസ്ഥാനമൊട്ടാകെ റെയ്ഡുകള്‍ നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും മയക്കുമരുന്നിന് അടിമപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലകളില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ എല്ലാ ആഴ്ചയും ജില്ലാ പൊലീസ് മേധാവിമാരെ സന്ദര്‍ശിച്ച് മയക്കുമരുന്ന് കടത്തുന്നവരുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കും. നര്‍കോട്ടിക്സ് സെല്‍ ഡിവൈഎസ്പിമാര്‍ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരുമായി യോഗം ചേരും. എക്സൈസ് വകുപ്പ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനായി കണ്ടെത്തിയ മൂവായിരം സ്കൂളുകളില്‍ അവരോടൊപ്പം ഒരു സിവില്‍ പൊലീസ് ഓഫീസര്‍ കൂടി സന്ദര്‍ശനം നടത്തും. എക്സൈസ് വകുപ്പിന്‍റെ ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളില്‍ പൊലീസിന്‍റെ സജീവപങ്കാളിത്തം ഉറപ്പാക്കും.


ABOUT THE AUTHOR

...view details