തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോൽവി പരിശോധിക്കാൻ ഇടതുമുന്നണി നാളെ യോഗം ചേരും. ഇരുപതില്‍ ഒരു സീറ്റ് മാത്രമാണ് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്. കൂടാതെ വോട്ടുവിഹിതത്തില്‍ അഞ്ച് ശതമാനം കുറവും മുന്നണിക്കുണ്ടായി.
ഇടതുമുന്നണി യോഗം നാളെ; തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ചയാവും - ലോകസഭാ തെരഞ്ഞെടുപ്പ്
മുഖ്യമന്ത്രിയുടെ ശൈലിയിൽ എതിർപ്പ് ഉണ്ടെങ്കിലും മുന്നണി യോഗത്തിൽ ആരും ഉന്നയിക്കാൻ സാധ്യതയില്ല
ശബരിമല വിഷയം തോൽവിക്ക് കാരണമായെന്ന വിമർശനം യോഗത്തിൽ സിപിഐ ഉന്നയിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇതേ അഭിപ്രായമാണ് ഉണ്ടായത്. തോൽവിക്ക് ഒരു കാരണം മാത്രമാണ് ശബരിമല എന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ ശൈലിയിൽ എതിർപ്പ് ഉണ്ടെങ്കിലും മുന്നണി യോഗത്തിൽ ആരും ഉന്നയിക്കാൻ സാധ്യതയില്ല. വിശ്വാസികളുടെ വോട്ട് തിരികെ എത്തിക്കാനുള്ള പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിപിഐ സ്ഥാനാർഥിയായ സി ദിവാകരന് വോട്ട് കുറഞ്ഞത് യോഗത്തിൽ സിപിഐ ഉന്നയിക്കും. സിപിഎം വോട്ടുകൾ പൂർണമായും ദിവാകരന് ലഭിച്ചില്ലെന്ന വിമർശനവും സിപിഐക്കുണ്ട്. ഇത് യോഗത്തിൽ തർക്കത്തിനിടയാക്കാം. ഈ വിമർശനത്തെ സിപിഎം പാലക്കാടില്‍ സംഭവിച്ച തോൽവി വെച്ചാകും നേരിടുക. പിണറായി സർക്കാർ മൂന്ന് വർഷം തികച്ച സാഹചര്യത്തിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ യോഗം വിശദമായി വിലയിരുത്തും.